ദുഃഖത്തിന്‍ സഞ്ചിയുമായടുക്കും
ദുഃഖാര്‍ത്തനാം സഖേ,യൊന്നു നില്‍ക്ക
ദുഃഖങ്ങളേറുന്നൊരീയുഗത്തില്‍
ദുഃഖമില്ലാത്തോരേയില്ലയത്രെ
സഞ്ചിയിലുള്ളതാം ദുഃഖങ്ങളെ
വാക്കായി താനുമെഴുതിവെക്ക
ഒട്ടു പകുത്താല്‍ കുറയുമത്രെ
ദുഃഖങ്ങളെന്നു ഞാന്‍ കേള്‍പ്പതുണ്ടേ
എന്റെ മനസ്സിലെ നോവില്‍ മുക്കി
ഞാനും കുറിക്കാം ചില വരികള്‍
കാണുക മറ്റു പഥികരെയും
കൈകോര്‍ത്തു തെല്ലു നടന്നു പോകാം
കണ്ണുനീരിന്‍ കഥ ചൊല്ലിയാലും
കണ്ണുനീര്‍ കണ്ണിനെ മൂടിയാലും
കാണായിടാം ചില കൈകളെത്തി
കണ്ണീര്‍ തുടച്ചിടുമെന്നറിക
തെറ്റിനെയോര്‍ത്തൊട്ടും ഖേദം വേണ്ട
തെറ്റു പറ്റാത്തോരായില്ലയാരും
തെറ്റല്ല, തെറ്റു തിരുത്താനുള്ള
നല്ല മനസ്സത്രെ നന്മ,യോര്‍ക്ക
ചുറ്റുമിരുള്‍മൂടിയെന്നുകണ്ടാ-
ലൊട്ടുമേയുള്ളില്‍ ഭയമരുതേ
ഒപ്പമുണ്ടേ പ്രഭ നല്‍ വിളക്കിന്‍
നല്‍ വഴികാട്ടിടാനെന്നറിക
No comments:
Post a Comment