Thursday, 23 October 2014

അത്ഭുതം

കണ്ടില്ല നിന്നെ ഞാന്‍ നോവിന്റെ നാള്‍കളി-

ലെന്നു വിളിച്ചു കരഞ്ഞ നേരം

പ്രേമാര്‍ദ്രമായൊരു നാദമെന്നുള്ളിലായ്

കേള്‍ക്കുമാറായ് വന്നിതെന്തത്ഭുതം

 

കണ്ടില്ലയെന്നതില്‍ ഖേദമേതും വേണ്ട

കാണുന്നതുണ്ടു ഞാന്‍ നിന്നെയെന്നും

കണ്ണുനീരായതും പുഞ്ചിരിയേകുന്നൊ-

രാനന്ദമായതും ഞാന്‍ തന്നെയാം

 

നിന്നിലെ പ്രാണനായ് ജീവന്റെ താളമായ്

താങ്ങായിരിപ്പതും ഞാന്‍ തന്നെയാം

കാടായ് മേടായിട്ടാറായിട്ടാഴിയായ്

കാറ്റായിയിടുന്നതും ഞാന്‍ തന്നെയാം

 

കണ്ടില്ലയെന്നെ നീയെന്നതിലേതുമേ

ഖേദം നിനയ്ക്കേണ്ടതില്ല തന്നെ

കണ്ടില്ലയെന്നല്ല കണ്ടറിഞ്ഞില്ലെന്നേ

കാണേണ്ടുവെന്നുമറിഞ്ഞുകൊള്‍ക

 

കാണണമെങ്കിലോ കാണുക പുത്ര നീ

കാണായിടുന്നതാം വസ്തുക്കളും

മുന്നില്‍ തെളിയുന്ന ജീവനെല്ലാം തന്നെ

ഞാനെന്നറിയുക ശങ്കയെന്ന്യേ

 

കാണായി വന്നിടും നിന്നിലെ നീയായും

കാണുന്നതാകുമീ ലോകമായും

ഞാന്‍ തന്നെയെന്നതും ഞാനല്ലാതൊന്നുമേ

കാണുവാന്‍ മറ്റൊന്നുമില്ലയെന്നും

No comments:

Post a Comment