Thursday, 23 October 2014

മാലിനി

ഒരുവനെയറിയേണ്ടൂ കൂട്ടുകാരേയറിഞ്ഞും
ഗുരുകൃപ തെളിയുന്നൂ ശിഷ്യരില്‍ കൂടിയേവം
ഹൃദയമലരിലെ ത്തേന്‍തുള്ളിയായ് സ്നേഹവും നീ-
യറിയുക കൃപയായിക്കാണ്മതായുള്ളതെല്ലാം

മൊഴികളിവിടെയുണ്ടൊട്ടേറെയെന്നാകിലേതും
മമ മൊഴിമലയാളം പോലെയായീടുകില്ലാ
മനമലരിതിലെന്നും നന്മ തന്‍ തേന്‍ നിറയ്ക്കും
മൊഴിയിതുമലയാളം പോലെയാകില്ലയൊന്നും

ഹൃദയസരസി നീന്തും ഹംസമായീടുകെന്നും
മലിനജലമകറ്റി സ്നേഹമാം പാലെടുക്കൂ
മലിനതയൊരുപക്ഷേ കാണുമെന്നാകിലെന്തേ
സരസി വിരിയുമാ പൂവല്ലയോ കണ്ടിടേണ്ടൂ

ഗുരുവരകൃപയാലേ സാദ്ധ്യമല്ലാതെയില്ലാ

ധരയിതിലമരുന്നീ മര്‍ത്ത്യനായൊന്നുമോര്‍ത്താല്‍

ഗുരുപദകമലത്തില്‍ തന്നെയാകട്ടെ ചിത്തം

കരുണയൊഴുകിവന്നീ ജന്മവും ധന്യമാട്ടെ

ഗുരുവിനെയറിയേണം ദേഹരൂപത്തിലല്ലാ

കരുണ പകരുവാനായ് വ്യക്തിയായ് കാണ്കിലും കേള്‍

ഒരു ചെറുതിരിനാളം തന്നിലായ് കണ്ടുവെന്നാല്‍

ഗുരുവുമകമെ മിന്നും ജ്യോതിയായ് കണ്ടിടേണം

ചുടലനടുവിലായിട്ടാടുമക്കാളികേ നിന്‍
നടനമകമനസ്സില്‍ ക്കാണ്മു ഞാനാകയാലേ
ചടുലചലനമേതും ഭീതിയേകുന്നതില്ലി-
ന്നടിയനു ചിരി വന്നാല്‍ ഭ്രാന്തനെന്നോര്‍ത്തു കൊള്‍ക

No comments:

Post a Comment