ലക്ഷണം: നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം
-0-/-0-/-0-/-0-/
ജ്ഞാനമായ് കാണുമീലോകമായെന്നിലെ
ഞാനുമായ് നിത്യമായുള്ളതാം സത്യമായ്
മാനമെത്തും വിധം കൂടുമെന്‍ ഗര്‍വ്വമായ്
മാനസേ മിന്നുമാ ദീപമേ വന്ദനം
വേഗമേറുന്നൊരീവാഴ്വിലെന്നാളിലും
രാഗമോഹങ്ങളാല്‍ ഞാന്‍ വലഞ്ഞീടവേ
നാഗമേ നിന്‍ വരം തേടിയെത്തീടുമെന്‍
രാഗവും രോഗവും മാറ്റിടേണേ സദാ
ജ്ഞാനസംബന്ധരേ ജ്ഞാനമാം പാലിനാല്‍
ജ്ഞാനിയായ് ഭക്തനായ് തീര്‍ത്ത കാരുണ്യമേ
ഞാനുമെന്മുന്നിലായ് കാണുമീലോകവും
ജ്ഞാനമൂര്‍ത്തേ കൃപാവര്‍ഷമായ് കാട്ടണേ
ഇന്നീമിഴി കാട്ടീടുവതായുള്ളൊരുലോകം
തന്നീടുവതെല്ലാം പല നോവെന്നറിയുമ്പോള്‍
വന്നീടുവതാം ജീവനു വൈരാഗ്യ,മതോര്‍ക്കും
നിന്‍ ചേവടിയല്ലാതവനുണ്ടോ ഗതി ശംഭോ
പണ്ടു കാലത്തു കാട്ടിന്നകത്തായ് വിഭോ
കണ്ടു പോല്‍ ശേഷനാം ശയ്യ മേല്‍ സ്വാമിയാര്‍
ഇണ്ടലെല്ലാമകറ്റീടുവാന്‍ കൂപ്പിടാം
കൊണ്ടല്‍നേര്‍വര്‍ണ്ണ! നീ കാത്തു രക്ഷിക്കണേ
കണ്ടതേയില്ല ഞാന്‍ സത്യമാകുന്നൊളി
കേട്ടതേയില്ല നിന്‍ വേണുഗാനം പ്രഭോ
ചൊല്വാതേയില്ല നീയൊന്നുമേയന്തികേ
വന്നതേയില്ലയെന്നായിടാമോ ഹരേ
No comments:
Post a Comment