Thursday, 23 October 2014

ദ്രുതവിളംബിതം

ലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

000/-00/-00/-0-

ഭവത്

കവിതയാകിലുമല്ലൊരു സീരിയല്‍

ചവറുമാകിലുമെങ്ങുമിതെന്തെടോ

ചെവിയിലേക്കണയുന്നു കരച്ചിലാ-

യിവിടെ യാതൊരു നന്മയുമില്ലയോ ?

കരയുവാന്‍ വെറുതേയൊരു ജന്മമായ്

കരുതണോ നരനായിഹ വന്നതും

കരയുമെങ്കിലതിന്നൊരു സിംപതി

വരുവതാണതു കൊണ്ടു കരഞ്ഞതോ ?

അകമനസ്സു, മനസ്സിനു വെട്ടമേ-

കിടുവതിന്നണയാതെ തെളിഞ്ഞിടും

അകമെയായെരിയുന്നൊരുദീപവും

പകരുമാസുഖമെന്തറിയാതെ പോയ് ?

ഉലകജീവിതമെന്നതു നിത്യവും

പല വിധം ഹൃദി നോവുതരുമ്പൊഴും

പുലരുമീയിരുളൊക്കെയകറ്റുമാ

പുലരിവന്നിടുമെന്നു നിനയ്ക്കണം

 

മിഴിയുമെന്‍ മിഴി കാട്ടുവതൊക്കെയും

മിഴിവെഴും നിജബോധവുമേവമെന്‍

പിഴവുമാപിഴവൊക്കെയകറ്റുമാ

വഴിയുമീശ്വര! നിന്‍ കൃപയല്ലയോ

ദുരിതമേറി വരുന്നൊരുകാലമായ്

വരുവതാകിലുമീശ! ഭവദ് കൃപാ

ധരയിലേക്കണയുന്നൊരു ഗംഗ പോല്‍

വരണമേ ഹര! മോക്ഷവുമേകണേ

ഇരുളിലെന്മനമാകെ നടുങ്ങുകില്‍
വരിക നീ വഴികാട്ടി കണക്കിനേ
ദുരിതമൊക്കെയകറ്റിടുവാന്‍ ശിവേ
ഗുരുകടാക്ഷബലം തരികെന്നുമേ

പിഴവു കണ്ടു തഴഞ്ഞിടുമെങ്കിലോ
കുഴയുമീ ഭുവനത്തിലെ മാനവര്‍
കഴിവു നിന്‍ കൃപയെന്നതുറച്ചു ഞാന്‍
പിഴവകറ്റുവതിന്നു ഭജിച്ചിടാം

എരിവതായൊരുദേഹവുമീവിധം
കരയുമെന്മനമെന്നതുമല്ല ഞാന്‍
വരുവതാം പല ദുഃഖവുമോര്‍ത്തുമി-
ന്നുരുകിടുന്നൊരുചിന്തയുമല്ല പോല്‍

ഉലകമാകിയശേഷനു മേലെയാ-

യലസമാം ശയനം ഹൃദി കാണുവാന്‍

പലവിധം വരുമെന്നുടെ ചിന്തയാ-

മലയടങ്ങി തെളിഞ്ഞിടണേ ഭവാന്‍

തിരയടിച്ചു വരും കടലെന്ന പോല്‍
തിരുമലയ്ക്കണയും ജനസഞ്ചയം
തിരയുമാപദപങ്കജദര്‍ശനം
തരണമേ മനസാം യമുനാ തടേ

* തിരയടിച്ചുയരും മനതാരിലായ്

ചെറിയൊരാലില തന്നിലമര്‍ന്നിടും

പൊരുളിതോര്‍ത്തു തൊഴുന്നതുമുണ്ടു ഞാന്‍

കരുണയുള്ള മുകുന്ദപദാംബുജം

* ഒരു സമസ്യാപൂരണം

* കുരുകുലം രണഭൂവിലൊടുങ്ങിടാന്‍

പെരിയ യാദവവംശവുമറ്റിടാന്‍

അറിവു, കാരണമേകമതല്ലയോ

കരുണയുള്ള മുകുന്ദപദാംബുജം

* ഒരു സമസ്യാപൂരണം

പഴി പറഞ്ഞു നടക്കുവതെന്‍ സഖേ
കഴിവു താനിതു മട്ടു നിനക്കയോ ?
പിഴവു പറ്റുകയെന്നതു ദോഷമോ ?
വഴി തെളിക്കുകയാണുചിതം സദാ

കഴിവെഴുന്നവനാകിലുമോര്‍ക്കെടോ
പിഴവു പറ്റിടു,മെന്നതു നിര്‍ണ്ണയം
കഴിയുമെങ്കിലവന്നതു മാറ്റുവാന്‍
വഴി പറഞ്ഞു കൊടുക്കുക നീ സഖേ

കഴിവിലുള്ളഭിമാനവുമായി നീ
വഴി പിഴച്ചു നടക്കുവതെന്തിനായ്
മിഴികളില്‍ മിഴിവേകുവതാണു നിന്‍
കഴിവു തന്നതുമോര്‍ക്കുക നിത്യവും

കഴിവു പോലിതുമോര്‍ത്തു വസിച്ചു നിന്‍
വഴിയിലായ് ഗമനം തുടരുമ്പൊഴേ
അഴലകറ്റിടുമാപ്പൊരുളുള്ളിലെ
മിഴികളായണയുന്നതുമോര്‍ക്ക നീ

മുരഹരന്നൊടെ ചേര്‍ന്നു ഹരന്നതില്‍
കരുണയോടുരുവായൊരുരൂപമായ്
കരുതിടും ശബരീശനെനിക്കു സദ്-
ഗുരു, കൃപാബലകേകുക സന്തതം

ചെറിയബാലസമം ഭഗവാന്‍ സ്വയം

വരുവതോ, മമ മുന്നിലിതേവിധം ?

തരുവതെന്തി,വിടെന്റെ സമസ്തവും

തരുകിലും കുറവാവുകയില്ലയോ ?

ചരണമൊന്നിലമര്‍ന്നിഹയെന്റെയായ്

കരുതിയെ,ന്തതുമൊക്കെയിതേവിധം

ചിരമഹം ഭുവി ചെയ്തതുമൊക്കെയാ

ചരണപത്മമതിങ്കലണഞ്ഞഹോ

ശിരസി വെയ്ക്കുക പിന്നെയതേവിധം

ചരണ,മെന്നെയുമാപദപങ്കജേ

ശരണമേകുവതിന്നു തുണയ്ക്കണേ

മുരഹരാ! ഹൃദി വാഴുക നിത്യവും

ചെറിയതാമൊളിയായ് ഹൃദി നിത്യവും

വരുവതാമൊരുമത്സ്യമതിന്നെ നാം

കരുതലോടെ വളര്‍ത്തിടണം സദാ

തരുമതാപ്രളയത്തിലൊരാശ്രയം

വരുവതാം മിഴിനീരുലകൊക്കെയും

നിറയുമെന്നു വരും സമയത്തു നീ

വരിക ദേവ ഭവാനൊരുമത്സ്യമായ്

തരിക മോക്ഷപദം മമ ജീവനും

ദുരിതമെന്നെ വലയ്ക്കരുതേ ഭവത്
സ്മരണ തന്നിടുകെന്നുമെനിക്കു നീ
ചരണപദ്മമതില്‍ ഗണനായകാ
ശരണവും തരു ദുഃഖമകന്നിടാന്‍

No comments:

Post a Comment