ലക്ഷണം: നരരലം ഗവും സമ്മതാഭിധം
000/-0-/-0-/0-
ദുരിതമൊക്കെയും നീറ്റിടുമ്പൊഴാ-
യൊരുവനുള്ളിലായ് കാണ്മതാമൊളി
ഗുരുകടാക്ഷമായേകിടും വഴി
കരുതിടാമിതേ സത്യമായ് സദാ
വരിക കേശവാ, ശങ്കയെന്തിനായ്
പരിഭവം പറഞ്ഞീടുകില്ല ഞാന്‍
ദുരിതമേറ്റിടുന്നോരുയാത്രയില്‍
ശരണമെപ്പൊഴും നിന്‍ പദാംബുജം
പല മതങ്ങളിച്ചൊല്വതൊക്കെയും
പലതു പോലെയായ് തോന്നുമെങ്കിലും
നല,മിതോര്‍ക്ക നീ,യൊന്നുതന്നെയീ
കലഹമെന്തിനായ് ലോകമാകവേ
ഗുരുകടാക്ഷമായെത്തുകയ്യനേ
കരുണയോടെയെന്‍ ഹൃത്തടത്തിലായ്
തരിക ഭക്തിയും നിന്‍ പദാംബുജേ
ഹരിഹരാത്മജാ മോക്ഷമാര്‍ഗ്ഗമായ്
മലിനമാണു പോല്‍ വാഴ്വിതെങ്കിലും
മലിനമാക്കണോ മാനസം തഥാ ?
മനസി നല്ലതാം ചിന്തയാകിലേ
മനുജനെന്നുമേ ശാന്തി വന്നിടൂ
ഹൃദയപങ്കജം നിന്റെ കോവിലാ-
ണതിലണഞ്ഞിടാന്‍ വൈകിടൊല്ല നീ
സദയമെന്നുമേ നിന്‍ കൃപാബലം
യദുകുലോത്തമാ നല്കിടേണമേ
വരുവതൊക്കെയും നല്ലതായിടാന്‍
വരമെനിക്കു നീ നല്കിടേണമേ
ദുരിതമൊക്കെയും മാറ്റിയെന്നുമേ
കരിമുഖാ ഭവാന്‍ കാത്തിടേണമേ
മലയിലായ് പിറന്നിട്ടുകാടുകള്‍
പലതുതാണ്ടിയും ദാഹനീരുമായ്
അലസമായ് വരുന്നാറിലെന്നുമേ
യലയടിപ്പതും സ്നേഹമൊന്നു താന്‍
പിഴവുവന്നുപോയെങ്കിലും സഖേ
പഴി പറഞ്ഞിടുന്നെന്തിനായി നാം
പിഴവു പറ്റിടാതുള്ളതാരെടോ
കഴിവു പോല്‍ സദാ നന്മ ചെയ്യുക
പഴയ കാര്യവും ചൊല്ലിടുന്നതില്‍
വലിയ നേട്ടമുണ്ടാവതല്ല പോല്‍
പുതിയ കാലമൊത്തിന്നു പോകിലേ
ചെറിയ മാറ്റവും കാണ്മതായിടൂ
ഒരുമയോടു നാമൊത്തു ചേര്‍ന്നുമി-
ന്നൊരു യുഗം കഴിഞ്ഞില്ലയാകയാല്‍
കരുതിടാം നമുക്കിത്രവന്നതും
ചെറിയ കാര്യമേയല്ല നിശ്ചയം
മമ മനസ്സിലെച്ചിന്തഗോക്കളായ്
മുരളിയൂതിയെത്താന്‍ വിളിക്കവേ
മധുരമായതും പാടിയെത്തുവാന്‍
മധുരിപോ ഭവാന്‍ വൈകിടാവതോ
മുരളികേ കഥം ചൊല്ലു മാധവന്‍
കരുണയോടെ തന്‍ ചാരെയെന്നുമേ
മരുവിടാന്‍ വരം തന്നു ധന്യ നീ-
വരമിതാര്‍ക്കവന്‍ നല്കിടുന്നതും
അറികയില്ല മേ സത്യമേതുമേ
ചെറിയ തണ്ടു താനല്ലയോ സഖീ
വരുവതാം കൃപാധാരയെത്തിടാ-
നൊരുതടസ്സമില്ലെന്നതായിടാം
ജനകപുത്രിയോടൊപ്പമായി നീ-
യനുജരായവര്‍ മൂന്നുപേരുമായ്
അനുചരന്‍ തഥാ വായുപുത്രനും
മനസി വന്നിടാനായ് കനിഞ്ഞിടൂ
* കൊടിയ നോവിനാല്‍ നീറിടുന്ന ഹൃ-
ത്തടമതിങ്കലായ് നീയണഞ്ഞിടൂ
പിടയുമെന്‍ മനം കേണിടുന്നു "നീ
പിടി മുറുക്കണേ, താഴെ വീണിടും"
* പിടയുമെന്‍ മനം തേടിടുന്നു പാല്‍
ക്കടലുമാനസം തന്നെയല്ലയോ
ഉടനെ നീ തെളിഞ്ഞെന്‍ കരത്തിലെ
പിടി മുറുക്കണേ, താഴെ വീണിടും
* ഒരു സമസ്യാപൂരണം
* അടിയനായതില്ലാ കുരങ്ങു പോല്‍
പിടി മുറുക്കുവാനെങ്കിലും ഹരേ
ഉടനെ വന്നു മാര്‍ജ്ജാരനെന്നപോല്‍
"പിടി മുറുക്കണേ, താഴെ വീണിടും"
* ഒരു സമസ്യാപൂരണം
കലഹമെന്തിനായ് നന്മയെന്നുമേ
സുലഭമല്ലയോ ഭൂവിലെങ്ങുമേ
ചിലതു ചീത്തയാണെങ്കിലിപ്പൊഴേ
കളയു, നന്മ നീ കാണ്കയെപ്പൊഴും
പുലരി വന്നതും പൂ വിരിഞ്ഞതും
ശലഭമെത്തി പൂന്തേന്‍ നുകര്‍ന്നതും
മലയമാരുതന്‍ വീശിടുന്നതും
നല,മിതൊക്കെയും കാണ്മതില്ലയോ
പുലരി വന്നു പോം രാവണഞ്ഞിടും
പുതുദിനം വരും പിന്നെയും സഖേ
സമയമീവിധം പോകുമെന്നുമേ
മിഴിയതൊന്നു താന്‍ സത്യ,മോര്‍ക്കണം
അലയടിച്ചിടുന്നാഴിയും സദാ
പലതുമോതിടുന്നുണ്ടു കേള്‍ക്ക നീ
പലതുപോലെയായ് കാണ്മതൊക്കെയീ
യലകളെന്ന പോല്‍ നിന്നിലാണെടോ
കഴിവുകെട്ടതായ് കാണ്മതാകിലും
കഴിവെഴുന്നതായ് കാണ്മതും തഥാ
പഴി പറഞ്ഞിടാതോര്‍ക്ക നിത്യവും
തെളിവതുള്ളിലാ,ണുണ്മ നീ സഖേ
കടലു പോലെ നീ മാറിടുന്നതായ്
പുറമെ കാണ്മതായീടിലും മുദാ
അകമെശാന്തനായീട്ടമര്‍ന്നു നീ-
യുലകിനേകണം നന്മയെപ്പൊഴും
ജലമിതാ തരാമശ്രു,വൊപ്പമായ്
മലരിനായ് മനം തന്നെ നല്കിടാം
ഹൃദി നിറഞ്ഞിടും ചിന്ത മന്ത്രമായ്
തിരുനിവേദ്യമീ ഞാന്‍ സ്വയം വിഭോ
No comments:
Post a Comment