ജീവിതാഖ്യമൊരുകാനനത്തിലൊരുപാടുകാലവുമലഞ്ഞു ഞാന്‍
നോവു തിന്നു പല നാളുമെങ്കിലുമണഞ്ഞതില്ല തവ ചേവടി
പാവമിന്നഥ വരുന്നതുണ്ടു തവ മുദ്ര തന്‍ തലയിലേറ്റിയും
നീ വസിക്കുമൊരുമേടു തേടി ഗുരുരൂപമായ് വഴി നടത്തണേ
പങ്കമുണ്ടകമെയെന്നുചൊല്ലുവതു നല്ലതോ ? ഗുരുകടാക്ഷമി-
ന്നെങ്കലായ് വരണമെന്നതല്ലെ ശരി ? സര്‍വ്വതും മലിനമല്ലയോ ?
ശങ്ക വിട്ടു കൃപ ചിത്തമാം ഗഗനവീഥിയില്‍ തെളിയുമെങ്കിലോ
സങ്കടങ്ങളകലുന്നതായ് വരുമിരുട്ടുഷസ്സിലകലുന്ന പോല്‍
മോഹമെന്റെ ഹൃദി നോവു തന്നിടുമതോര്‍ക്കിലും മനമടങ്ങിടാ-
തേവമെന്നുമകതാരിലേറ്റി പല മോഹമെന്നുകരുതീടുകില്‍
മായകാട്ടുമൊരുജാലമെന്നതിലുതെല്ലുമില്ലയൊരു സംശയം;
മായ കാട്ടുമൊരുമാന്ത്രികന്നുമിതു വെല്ലുവാന്‍ കഴിവു കാണുമോ?
പാരിലൊക്കെ നിറയുന്നതാമിരുളുതിങ്ങിടുന്നു മനതാരിലും
നേരറിഞ്ഞകമനസ്സിലെത്തിടുകദീപമായ്തെളികബോധമായ്
കാര്യകാരണമറിഞ്ഞിടാന്‍ മനമിതോടിടുന്നതു തടഞ്ഞു നീ
നേരു കാട്ടിടുക വാഴ്വിലെന്റെ വഴി കാട്ടിയാക ഭുവനേശ്വരീ
നേരിതാരറിവു ചിന്തകള്‍ നിറയെ കാണ്മതായ മമ മാനസേ
നേരു കാട്ടി മരുവുന്നതായ പൊരുളൊന്നു കാണുവതു തന്നെയാം
ഘോരമായൊരുവനത്തിലൂടെ വഴികാട്ടിയാമിടയനായ് സദാ
നേരറിഞ്ഞു വഴികാട്ടിടുന്നു മമ ചിന്തയാം പശുഗണത്തിനേ
സഞ്ചരിച്ചുലകിലൊക്കെയും ചിലതു കണ്ടു ഞാനിതുമറിഞ്ഞെടോ
അഞ്ചു പേരു മമ കൂടെയുണ്ട,വരെ നമ്പിടാന്‍ ഗുണമെഴാത്തവര്‍
ചഞ്ചലം മനമിതെന്നുമേയിവരു ചൊന്ന പോലിഹ നടക്കായാല്‍
നെഞ്ചിലേറി പലനോവു കഷ്ട,മിതു ദുഷ്ടസംഗഫലമാണു പോല്‍
ഞാനുമീമിഴിയിലിന്നുകാണുമൊരുലോകവും ഹൃദി തെളിഞ്ഞിടും
ജ്ഞാനവും കരുണയായതും മിഴിയുമാമിഴിയ്ക്കുമിഴിവേകിടും
ദീപമായ് മരുവുമെന്തതാണു നിജമെന്ന ബോധമുണരാന്‍ സദാ
ദീപമേറ്റിടുവതുണ്ടു ഞാന്‍ ദിനവുമിങ്ങു നീ വരു മഹേശ്വരാ!
ഞാനലഞ്ഞറിവു തേടി മൂന്നുലകമൊക്കെയെന്തിനതിലൊക്കെയും
നൂനമിന്നറിവുപാഴിലായ് മനസിതോന്നിടില്ല സമയത്തെടോ
ഞാന്‍ പിറന്ന പിഴവോ ജഗത്തിലഥനന്മയെന്നതു നശിച്ചുവോ
ജ്ഞാനമേകിയവനെന്തിനായിവനുശാപമേകിയതുമോതുമോ
മുഞ്ചയെന്നുകരയുന്നതാര,വളുകൊല്ലുവാന്‍ കപടവേഷമായ്
സഞ്ചരിച്ചവിടെവന്നതാമൊരുനിശാചരിയ്ക്കു കൃപയേകയോ ?
നെഞ്ചിനോടവളു ചേര്‍ത്തതോര്‍ത്തു ദയ തോന്നിയോ? മുരരിപോ ഭവാന്‍
നെഞ്ചിലായ് തവ പദം തെളിച്ചടിയനേകണേ പരമമാം പദം
ചന്ദ്രബിംബമകലെത്തെളിഞ്ഞു യമുനാനദിക്കരയിലിന്നിതാ
മന്ദമാരുതനണഞ്ഞിടുന്നു, പുനരോതിടുന്നു തവ നാമവും
എന്തുഭാഗ്യമതു നിന്റെ പ്രാണനിലലിഞ്ഞു ചേര്‍ന്നുവരവായ് ഹരേ
ചന്തമാര്‍ന്ന തവ കൈപിടിച്ചൊളിവിലുമ്മ വെച്ചു പുളകത്തൊടും !
No comments:
Post a Comment