Monday, 27 October 2014

മൌക്തികമാല

ലക്ഷണം മൌക്തികമാലാ ഭതനഗഗങ്ങള്‍

-00/--0/000/--

ശങ്കരസൂനോ മമ ഹൃദി തിങ്ങും

പങ്കമകറ്റാന്‍  തെളിയുക ചിത്തേ

സങ്കടമെല്ലാമകലുവതിന്നായ്

ശങ്കയിതെന്തിന്നിഹ ഗണനാഥാ

വൈരമകന്നിട്ടൊരുമയൊടെന്നും
പാരിതിലെല്ലാവരുമൊരുപോലേ
സ്വൈരമമര്‍ന്നീടുവതിനു വേഗം
നേര്‍ വഴികാട്ടൂ മമ ഗണനാഥാ

ആരറിയുന്നൂ മനുജമനസ്സിന്‍
നേര,തു ചൊല്ലാനറിയുവതാരോ?
പാരിതു കാണും മിഴികളിലും, കേള്‍
നേരിതു നന്നായ് തെളിവതുമല്ലാ

അപ്പരെ നോവാലരികെ വരുത്തീ-
ട്ടൊപ്പമിരുത്തും ശിവ! ഭഗവാനേ
തുമ്പമകറ്റാന്‍ വരുവതു നീ താ-
നമ്പൊടു കാക്കുന്നൊളിയുമതൊന്നേ

തില്ലയിലെന്മാനസമിതിലും നീ-
യല്ലലലകറ്റാനമരുക നിത്യം
തെല്ലിട പോലും മറയരുതേ നീ
യില്ലൊരുമാര്‍ഗ്ഗം തവ കൃപയെന്ന്യേ

വാനിലുയര്‍ന്നീടുമൊരു വിമാനം

കാറ്റിനു നേരിട്ടിടു,മതു പോലെ

വീശുവതാം കാറ്റിനുമെതിരായി

നീങ്ങുക നാമൊന്നുയരുവതിന്നായ്

കാണുവതെല്ലാമെതിരിതു കണ്ടുള്‍
ഭീതി നിനച്ചീടരുതിഹ മര്‍ത്ത്യാ
വാനിലുയര്‍ന്നീടുവതിനു നല്കും
ശക്തി തനിക്കുള്ളിലെയൊരു യന്ത്രം

പാമരനാമെന്‍ വരികളിലെല്ലാം

സോമരസത്തിന്‍ സുഖമണയാനായ്

മാമകചിത്താംബുജമതിലെന്നും

നീ മരുവീടാന്‍ കനിയുക വാണീ.

No comments:

Post a Comment