Thursday, 23 October 2014

മത്തേഭം

ലക്ഷണം: മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം

- - 0 /- 00/0 (യതി) - -/ 0 - 0/00 (യതി) -/ - 0 -/ 000/ -

കേളീ നിനക്കുലക,മെന്നാലിതെന്റെ ഹൃദി കാണുന്നതില്ല,യതിനാല്‍

കാളീ! നിറഞ്ഞിരുളു കാണുന്നിതെന്‍ മനസി നോവേറിടുന്നു ദിനവും

നീളേ തെളിഞ്ഞുലകിലായ് കാണ്മതൊക്കെ തവ കാരുണ്യമായറിയുവാ-

നാളായി നിന്നു കൃപയാലെന്റെ വാഴ്വിലൊരു താങ്ങായി നില്ക സതതം

ലോകേശനായവനി,തോര്‍ക്കാതെയന്നുചെറുപാശത്തിനാല്‍ തടയുവാ-

നാകാതെ പോയി വലയുന്നോരുനേരമതികാരുണ്യമോടെയിവനാ-

മാതാവു കെട്ടിയൊരുപാശത്തിലാ,യുലകപാശത്തിലാക്കിയതിനായ്

മാതാവിനോടു കൃപയാല്‍ ചെയ്തതോ, സ്വയമറിഞ്ഞിട്ടൊതുങ്ങിടുവതോ ?

ആടുന്ന മോഹഫണമാട്ടുന്നതാരു, ഹൃദി? ഞാനെന്നഗര്‍വ്വഫണിയോ ?

പാടുന്നതാരു? ഫണമേറുന്നതാരു? കളിയാടുന്നതാരു ? ഹരിയോ ?

തേടുന്നതെന്തു,  ഫണി?യാടുന്നപാദമതിനേകുന്നതായസുഖമോ ?

നേടുന്നതല്ല,യിതു നാരായണന്റെ കൃപ, താനേ വരുന്നരുളു താന്‍

ആടുന്നഹന്ത ഫണിയായിന്നു കാണുവതടങ്ങീടുവാന്‍ ഭഗവതീ
തേടുന്നു ഞാന്‍ ശരണമേകുന്ന നിന്റെ പദമെത്തീടുകെന്റെയകമേ
പാടുന്നതൊക്കെയപദാനങ്ങളായ് വരുവതിന്നായി നീ കനിയണേ
കാടാംപുഴാഖ്യപുരി വാഴുന്ന ദേവി തവപാദത്തിലേകുകഭയം

ഏകാന്തയോഗികളുമേവം ഗൃഹസ്ഥനുമൊരേപോല്‍ തിരഞ്ഞിടുവതാ-

മേകാഗ്രമായമനതാരില്‍ തെളിഞ്ഞിടുവതായുള്ളരൂപമധുനാ

മൂകാംബികേയിവനു കാണാന്‍ വരം തരിക ഞാനെന്ന ഭാവമകലാ-

നേകാശ്രയം ധരയിലാപാദമെന്നറിവു കാക്കേണമേ ഭഗവതീ

സ്നേഹം മനസ്സിലറിയാതെത്തിടുന്നസുഖമാണെങ്കിലെന്തിനു വൃഥാ
മോഹം വളര്‍ത്തി പല നോവേകീടുന്നുവതു ബന്ധിപ്പതും പറയു നീ
സ്നേഹിച്ചതൊക്കെ സുഖമേകുന്നതായിടണമെന്നോതിടുന്ന മനുജാ
സ്നേഹത്തെ നീയറിവതില്ലേതുമേ പഴിയതിന്നേകിടേണ്ട വെറുതേ
പാളുന്ന ചിന്തകളുമേറുന്നമോഹവുമതൊത്തേറിടുന്ന കദനം

പേറുന്ന മാനസമിതിന്നോ സുഖം വരുവതെന്നാകിലും ഭഗവതീ

കാണുന്നതായുലകിലെല്ലാമനിക്കുകൃപയായ് കാട്ടി ശാന്തി പകരാന്‍

ഞാനെന്നഭാവവുമകന്നീടുവാനറിവു നീ തന്നു കാത്തരുളണേ


ആടുന്ന മാമരവുമാട്ടുന്ന മട്ടിലുയുമെന്നിങ്ങു കാണുമളവില്‍
പേടിച്ചരണ്ട മനമീവാഴ്വിലുള്ള സുഖമെന്തേയറിഞ്ഞിടുവതായ്
നേടുന്നതൊക്കെ മറയുന്നെന്നു കാണ്കിലറിയാതൊന്നു തേങ്ങിയുടനേ
തേടുന്നു മോക്ഷഗതിയേകുന്നതായ പദമെന്നത്രെ കാണ്മു സതതം

No comments:

Post a Comment