--0/--0/0-0/--
മൂകാംബികേ, നിന്റെ കൃപാബലത്താ-
ലാകാത്തതെന്തുണ്ടു മഹീതലത്തില്‍
ഏകാന്തയോഗിക്കു, ഗൃഹസ്ഥനും നീ
യേകാശ്രയം, ദേവി! തുണയ്ക്ക നിത്യം
പങ്കം നിറച്ചുള്ള ജലാശയത്തില്‍
പങ്കേരുഹം കാണ്മതു പോലെ തന്നെ
ഓങ്കാരമായിട്ടണയേണമേ നീ
യാങ്കാരമുണ്ടെങ്കിലുമെന്നിലെന്നും
സംസാരമാമൈഷികകാനനത്തി-
ലെന്മാനസം തന്നിലെ ചിന്തയെല്ലാം
ഗോവായലഞ്ഞത്രെ വലഞ്ഞിടുന്നൂ
ഗോപാലകാ നീയണയാത്തതെന്തേ
ചൂടേറ്റു പാരം വലയുന്നനേര-
ത്താശ്വാസമേകുന്നൊരുവേണുഗാനം
കേള്‍ക്കാന്‍ കൊതിച്ചങ്ങമരുന്ന ഗോക്ക-
ള്‍ക്കാനന്ദമേകാനണയാത്തതെന്തേ
കാടൊക്കെയും തീയിലെരിഞ്ഞിടുമ്പോ-
ലാരുണ്ടു ഹാ! ദുഃഖമകറ്റിടാനായ്
കണ്ണീരണഞ്ഞീടുവതായ നേര-
ത്താരാണെനിക്കാശ്രയമെന്റെ കൃഷ്ണാ
കണ്ണൊന്നടച്ചിട്ടു നിനയ്ക്കവേയുള്‍-
ക്കണ്ണായ് തെളിഞ്ഞീടുവതായ നിന്നേ
കണ്ണാലെ കാണുന്നതിലൊക്കെ കാണാന്‍
കണ്ണായെനിക്കേകുക ഭക്തി നിന്നില്‍
കണ്ണാ ഭവത് പാദരജസ്സു താനെന്‍
കണ്ണില്‍ തെളിഞ്ഞീടുവതായ ലോകം
കണ്ണീരുമെന്‍ വാഴ്വിതിലുള്ളതെല്ലാ-
മെണ്ണീടുകില്‍ നിന്‍ കൃപ തന്നെയല്ലേ
നാവേ ജപിക്കൂ ശിവനാമമെന്നും
നോവറ്റിടാന്‍ മുക്തിയണഞ്ഞിടാനായ്
ആവുന്ന പോലൊക്കെ ജപിച്ചുവെന്നാല്‍
പോവും ദൃഢം വാഴ്വിതിലുള്ളദുഃഖം
നാവേ നിനച്ചീടുക തെല്ലിതെല്ലാ-
മാവും വിധം ചൊല്ലുവതിന്നു മുന്നേ
ആവുന്ന പോലോതുക നല്ലകാര്യ-
മേവം വരും നന്മയുമീജഗത്തില്‍
ചൊല്ലുന്നതെല്ലാം നിജമാട്ടെയൊപ്പം
ചൊല്ലാമിതും നല്ലതു ചൊല്ലിടേണം
തെല്ലും ഗുണം വന്നിടുകില്ലയെന്നാല്‍
ചൊല്ലാതിരുന്നീടുക തന്നെ നല്ലൂ
* ഒരു കാര്യം പറയുന്നതിനു മുമ്പേ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കണം എന്ന ആശയത്തിനെ (സോക്രട്ടീസിന്റെ എന്നാണ്, അറിവ്) അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ്.
- പറയുന്നത് വാസ്തവമാണോ ?
- പറയുന്നത് മറ്റൊരുത്തനെ കുറിച്ച് നല്ലതാണോ ?
- ഇതറിഞ്ഞിട്ടോ പറഞ്ഞിട്ടോ എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ഇതില്‍ മൂന്നില്‍ ഏതെങ്കിലു ഒന്നിനെങ്കിലും ഉത്തരം അല്ല/ഇല്ല എന്നാണെങ്കില്‍ മൌനമാണ്, അഭികാമ്യം
ആരാണു നീയാരുടെ,പോണതെങ്ങോ
പേരെന്തു നീ വന്നതു മെന്തിനായി
ചോദ്യം നിനച്ചിട്ടിനി ചൊല്ക നീയു
മേറെ പ്രിയം വന്നിതുമേറുവാനായ്
ഞാന്‍ മര്‍ത്ത്യദേവാദികളൊന്നുമല്ലാ
നാലായതാം ജാതിയിലും വരില്ലാ
ഞാന്‍ ബ്രഹ്മചാര്യാദിയിലേതുമല്ലാ
ബോധസ്വരൂപന്നൊരു ഭിക്ഷുവല്ലാ
പ്രചോദനം (ശങ്കരാചാര്യരും ഹസ്താമലകാചാര്യനും കൂടിയുള്ള ആദ്യസം വാദം ... സാഹസമാണ്, എന്നും ആശയം ഒട്ടും തന്നെ എത്തിക്കാന്‍ ആയില്ല എന്നും അറിയാം ..എങ്കിലും ഒരു ശ്രമം എന്ന നിലയില്‍ മാത്രം )
കസ്ത്വം ശിശോ കസ്യ കുതോസി ഗന്താ
കിം നാമ തേ ത്വം കുത ആഗതോസി
ഏതന്മയോക്തം വദ ചാര്‍ഭക ത്വം
മല്‍പ്രീതയേ പ്രീതി വിവര്‍ദ്ധനോസി
നാഹം മനുഷ്യോ ന ച ദേവ യക്ഷോ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ:
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്ഥോ
ഭിക്ഷുര്‍ ന ചാഹം നീജബോധ രൂപ
ലോകം തരും നോവതറിഞ്ഞ നേര-
"ത്തേകാശ്രയം നീ"യിതറിഞ്ഞു ചിത്തം
ഏകാകിയായ് നിന്‍ കൃപ തേടുമെന്നില്‍
മൂകാംബികേ ഭക്തിയുണര്‍ത്തിടേണേ
വല്ലാതെ നോവേറ്റു തളര്‍ന്നിടുമ്പോ-
ളില്ലാ ബലം ഹൃത്തിനുമെന്നറിഞ്ഞാ
വല്ലായ്മയെല്ലാമെയകറ്റി ചിത്താം
ഫുല്ലാരവിന്ദേ വരികംബികേ നീ
മത്തേഭമോ സ്നാനഫലം കളഞ്ഞാ
മണ്ണും പുതച്ചിട്ടു രസിച്ചിടുന്നൂ
മര്‍ത്ത്യന്‍ മനസ്സില്‍ പല ചേറിനാലും
മൊത്തം പുതച്ചാര്‍ത്തു രസിച്ചിടുന്നൂ
കാരുണ്യമായ് നിത്യവുമെന്റെയുള്ളില്‍
കാണുന്നതാം സത്യമതെന്നുമേ ഞാന്‍
കാത്യായിനീ നിന്‍ തിരുരൂപമായി
കാണാനെനിയ്ക്കേകുക ഭക്തിയെന്നും
വിത്തത്തിലല്ലാ, തവപാദപത്മേ
ചിത്തത്തെ നിര്‍ത്താന്‍ വഴി കാട്ടുകമ്മേ
സത്യപ്രകാശം പകരാന്‍ കുരുംബേ !
ചിത്താബ്‌ജമദ്ധ്യേ തെളിയേണമെന്നും
സത്തായതാം വെട്ടമകത്തു നിത്യം
ചിത്തായിരിക്കുന്നതു തന്നെയല്ലേ ?
സത്യപ്രകാശം തെളിയിച്ചിടാനാ-
യെത്തുന്നതാരാണവനെന്‍ പ്രണാമം
.
ഭണ്ഡാസുരന്നോടെതിരിട്ട ദേവി-
ക്കുണ്ടായ വിഘ്നങ്ങളകറ്റിടാനായ്
ഉണ്ടായതാം ദേവ! തവാഘ്രിപത്മേ
വണ്ടായിടാനുണ്ടൊരുമോഹമുള്ളില്‍
നൃത്തം ചവുട്ടുന്ന പദാരവിന്ദം
ചിത്തേ തെളിഞ്ഞീടുവതിന്നു നീയെന്‍
ചിദ് ജ്യോതിയായ് നിര്‍മ്മലബോധമാകും
സത്തായി വെട്ടം പകരൂ ഗണേശാ
സത്യം പറഞ്ഞാലതു കേട്ടു കോപി-
ച്ചെത്തുന്നു തല്ലാന്‍ ചില കൂട്ടരെന്നും
ചിത്തം ഭയം പൂണ്ടതു ചൊല്ലിടായ്കില്‍
സത്യം മറിച്ചാകുവതോ മനുഷ്യാ
കഷ്ടപ്പെടാനല്ല, മനുഷ്യനായി
സൃഷ്ടിച്ചതാനന്ദമൊടൊത്തു വാഴാന്‍ !
സൃഷ്ടിച്ചഹോ പുഞ്ചിരി മര്‍ത്ത്യനായാ
സ്രഷ്ടാവു, കേഴുന്നിഹ മര്‍ത്ത്യനയ്യേ
വീരസ്യമെന്തിന്നു പറഞ്ഞു കഷ്ടം
നേരം കളഞ്ഞിങ്ങു നടന്നിടേണ്ടൂ
നേരെന്നതുള്ളാലെയറിഞ്ഞിടുന്നോന്‍
നേരോതിടും, ഭീതി വലയ്ക്കുകില്ലാ
* തോഴാ, നരന്നു സ്ഥിരമല്ല ദുഃഖം
വാഴുന്ന കാലം സുഖമായ് വസിക്കൂ
കേഴുന്നതെന്തേ വെറുതേ സുഹൃത്തേ
പാഴായിടും ജീവിതമോർക്കണം നീ
* ഒരു സമസ്യാപൂരണം
No comments:
Post a Comment