---/-(യതി)-0/0--/00-/-
പാരില്‍ സൌഖ്യം തേടി നടന്നാല്‍ വരുകില്ലാ
നേരാണെന്നാലാരിതുകണ്ടൊട്ടറിയുന്നൂ
പോരാ പോരായെന്നതു തെല്ലൊന്നൊഴിവായാല്‍
ചേരും താനേ നന്മകളെന്നേ കരുതാവൂ
പാരില്‍ വിങ്ങും നോവിലകപ്പെട്ടുലയുമ്പോള്‍
പാരാവാരം പോല്‍ തിരയാടും മമ ചിത്തിന്‍
നേരായുള്ളം തേടുവതാകും പൊരുളായും
നേരിന്‍ മാര്‍ഗ്ഗം കാട്ടിടണേ നീ വനദുര്‍ഗ്ഗേ
ദെണ്ണം മാറ്റാനുള്ളിലെ വെട്ടം തെളിയാനായ്
ദെണ്ണിപ്പിയ്ക്കും വാഴ്വിതിലെന്നും തുണയാകാന്‍
കണ്ണാ ഞാനും തേടി വരുന്നേന്‍ തവപാദം
തിണ്ണം വന്നെന്നുള്ളിലെ ദീപപ്രഭ കാട്ടൂ
എല്ലാം തെറ്റും നാളിതിലായ് നിന്‍ കൃപയെന്ന്യേ-
യില്ലാ കാണുന്നേനൊരു മാര്‍ഗ്ഗം ഗണനാഥാ
വല്ലാതാവുന്നുള്ളമറിഞ്ഞിട്ടകമേ നീ
നല്ലോണം മേ വന്നിടുവാനായ് കനിയേണേ
ഇന്നല്ലെന്നും മാനസമാം പൂവിലെ തേനായ്
വന്നീടുന്നാ സ്നേഹവുമോര്‍ത്താല്‍ കൃപയല്ലേ
നന്നായ് മണ്ണില്‍ വാഴുവതിന്നായ് കനിയൂ നീ
നിന്‍ പാദം താനെന്‍ ശരണം ശ്രീഗണനാഥാ
വീണാപാണീ നിന്റെ കടാക്ഷം വരുമെന്നാല്‍
തൂണില്‍ പോലും പാട്ടുണരുന്നെന്നറിയുന്നൂ
കാണാകേണം മാമകചിത്താംബുജമദ്ധ്യേ
വാണീമാതേ നിന്‍ പദമെന്നില്‍ ക്കനിയൂ നീ
No comments:
Post a Comment