Thursday, 23 October 2014

വനമാലം

ലക്ഷണം ഇഹ വൃത്തം സഭസഭമോടേ സഭ ഗഗ ചേര്‍ ന്നാല്‍ വനമാലം
00-/-00/00-/-00/00-/-00/--

മഴയായാമലമുകളെത്തീട്ടൊഴുകിവരും മേടുകള്‍ താണ്ടി

പ്പുഴയായിട്ടണയുവതും നിന്‍ കൃപയിതു ഞാനെന്തറിയുന്നൂ

മിഴിമൂടീട്ടൊരുവിളയാടല്‍ തുടരുവതുണ്ടെന്നതു കാണാന്‍

കഴിവില്ലാ നിജമറിയാനായൊരുവഴിയും കാണ്മതുമില്ലാ

 

കരുണാര്‍ദ്രം മൃദുവിരലെന്നേ തഴുകുവതായുള്ളൊരുനേരം

വരുമെന്നില്‍ നിറയുവതാകും പല കനവും പാട്ടുകളായി

കരുതുന്നെന്തിതിനൊരുഗര്‍വ്വം തവദയയാണെന്നു മറന്നോ

മുരളീഗാനവുമതിലുള്ളാസുഖമഖിലം നിന്‍ കൃപയല്ലേ

 

തിരുവണ്ണാമലയിലണഞ്ഞാഗിരിവലവും ചെയ്തുകഴിഞ്ഞി-

ട്ടരുളേകും തിരുനടതേടീട്ടണയുവതാമെന്നകതാരില്‍

കരുണാര്‍ദ്രം ശിവ ശിവ ശംഭോ വഴിതെളിയിച്ചീടുവതിന്നായ്

വരണേ നീ ഗുരുകൃപയായും മമ മനതാരിന്നൊളിയായും

മഴയായും മഴതരുവാനായണയുവതാം കാര്‍ മുകിലായും
മഴവില്ലിന്നഴകു തെളിക്കുന്നൊളിപകരും വിസ്മയമായും
പുഴയായും പുഴയിലെ നീരും പുഴയൊഴുകുന്നീവഴിയായും
മിഴിയായും തെളിയണമെന്നും മലമുകളില്‍ വാണെഴുമമ്മേ

മഴനീരായണയുവതെന്താ കരിമുകിലിന്നുള്ളിലെ നോവോ?
മിഴിനീരായ് വരുവതുമെന്തെന്മനമിതു തേങ്ങുന്നതിനാലോ?
പുഴയായിട്ടണയുവതെന്താണതു കൃപ താനല്ലെയതിന്നെ-
ന്നഴലെല്ലാമകലുവതിന്നായൊഴുകിടുകില്ലേ, ഗിരികന്യേ?
ഗിരികന്യേ! തവപദപത്മേ വരുവതിനായ് ജീവനിതെന്നും

തിരയുന്നൂ പല വഴി, യെന്നില്‍  ക്കനിയുക നീ നേര്‍ വഴി കാട്ടൂ

കരുണാര്‍ദ്രം ഭഗവതി! നിത്യം മമ മനമാം കോവിലിനുള്ളില്‍

വരണേ, നീ ഗുരുവരുളായി ത്തെളിയണമേ മാമക ഹൃത്തില്‍

No comments:

Post a Comment