Tuesday, 28 October 2014

മല്ലിക

ലക്ഷണം: രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക

- 0 - /0 0 -/ 0 - 0/ 0 - 0/ - 0 0/ - 0 -

ദേവി! നിന്‍ ദയ തന്നെയാണിഹ കാണ്മതാം പൊരുളൊക്കെ"യി-
ന്നീവിധം ഹൃദി തോന്നുവാന്‍ മിഴി തന്നു നീ വഴി കാട്ടണേ
പൂവു നാമജപത്തിനൊത്തു നിവേദ്യവും മമ മാനസ-
പ്പൂവുമേകിടുമെന്നെ നീ കൃപയോടെ കാത്തിടുകംബികേ

ശങ്കരന്നു വരം കൊടുത്തതു സത്യമെന്നുവരുത്തുവാന്‍

ശങ്കരപ്രിയ സമ്മതിച്ചതു പിന്നിലായി നടക്കുവാന്‍

ശങ്കയറ്റു ഗമിക്ക ഞാനുടനെത്തിടാം മലനാട്ടിലാ-

ശങ്കവിട്ടിടുകെന്നുമോതിയകാര്യമോര്‍ത്തു നമിപ്പു ഞാന്‍

പാവമെന്മനതാരിലെന്തിനു തന്നു നീ പല മോഹവും

നോവിലാണതിനന്ത്യമെന്നതുമെന്തിനായി മറച്ചതും

നീ വരുന്നതു കാണുവാന്‍ മിഴിനട്ടു നാളുകളേറെ ഞാന്‍

മേവിടുന്നതറിഞ്ഞുവെങ്കിലുമെന്തിനായൊരു താമസം

മന്ദമാരുതതേരിലാരണയുന്നതീ മദനന്നഹോ
ചന്തമുള്ളൊരു മാരിവില്ലു കുലച്ചു നില്ക്കുവതെന്തിനോ
ഹന്ത! മാമക ചിത്തമെന്തു വിറച്ചിടുന്നകതാരിലാ-
യന്തകാരി വരാത്തതെന്തിഹ ലാസ്യമാടുവതാരെടോ ?


കെട്ടഴിഞ്ഞൊരു കേശമോ, മഴമേഘമോ മിഴി മൂടി യി-
മ്മട്ടിലായി നഭസ്സിലാകവെ മിന്നിടുന്നതുമെന്തഹോ
കെട്ടിലുള്ളൊരു ഹാരമോ മിഴി ചിമ്മിടും ചെറുതാരമോ
വെട്ടമേകിടുമെന്തു ചന്ദ്രികയാകുമോ കൃപ തന്നെയോ ?

രാവണന്നമരുന്നലങ്കയെ തീയിനാലെയെരിച്ചു നീ

പൂവു പോല്‍ പരിശുദ്ധയായൊരു സീതയെ ത്തൊഴുതെന്നതും

ദേവനാകിയ രാമനോടതു ചൊല്ലുവാനണയുന്നതും

പാവനം കഥയോര്‍ത്തു മാരുതി! നിന്നെ ഞാന്‍ പ്രണമിച്ചിതാ

കഷ്ടമാണു മനുഷ്യനായ് ഭുവി വാണിടും സമയത്തു ഞാന്‍
ദുഷ്ടചിന്ത നിറച്ചു വാഴ്വിലമര്‍ന്നിടാന്‍ ഗതിയാവുകില്‍
ശ്രേഷ്ഠമാം തിരുനാമമോതിയതില്ലയെന്നുവരൊല്ല, നീ
സ്പഷ്ടമായ് തെളികെന്റെയുള്ളിലെ ജീവചേതനയായ് സദാ

നശ്വരം ഭുവി വാണിടും നരജീവിതം ചിലനാളിലീ

ദൃശ്യമായതിലൊക്കെ മാറി വരുന്നതാണതുകൊണ്ടു നാം

വിശ്വസിക്കരുതുണ്മയായ് മിഴികാട്ടിടുന്നതിലൊന്നുമേ

ദൃശ്യമല്ലതു കാട്ടിടും പൊരുളൊന്നു താന്‍ നിജമോര്‍ക്കണം

 

വിശ്വമായി തെളിഞ്ഞു നീ മിഴിയും മറച്ചു മറഞ്ഞുപോയ്

വിശ്വസിച്ചുലകത്തെ,യിന്നതു തെറ്റുകില്‍ കുറവെന്റെയോ?

വശ്യമായൊരുരൂപമായ് വരികെന്റെ മുന്നി,ലതിന്നു ഞാ-

നീശ്വരാ! പുനരെന്തു ചെയ്യണമെന്നു ചൊല്ലുകയില്ലയോ

 

വശ്യമാമുലകായി നിന്നൊരുമോഹമേറ്റി വലച്ചിടാ-

തീശ്വരാഹൃദി വന്നിടൂ സുഖമേകിടുന്നൊളിയായ് സദാ

വിശ്വമാവതുമാനസത്തിലണഞ്ഞ നിന്‍ കൃപ മാത്രമായ്

ദൃശ്യമാകുവതിന്നു നീ തുണയേകണേ പരമേശ്വരാ

സൃഷ്ടിലാസ്യവുമാടിടുന്നിഹ പിന്നെയൊക്കെയൊടുക്കുവാന്‍
ചുട്ടെരിക്കു,മിതോര്‍ക്കവേ മനമേറെനൊന്തുകരഞ്ഞുപോം
കഷ്ടമെന്മനമെന്തറിഞ്ഞിടു,മെന്റെ കണ്ണിനു കാഴ്ചയില്‍
സ്പഷ്ടമായ് വരുകില്ല പോല്‍ നിജ,മെന്തു ഞാനറിയുന്നഹോ

No comments:

Post a Comment