Tuesday, 23 July 2013

മങ്കിഗീത

പണ്ടൊരുകാലത്തുഭീഷ്മപിതാമഹന്‍
ചൊല്ലിയതാണുപോല്‍ മങ്കിഗീത
പണ്ടൊരുകാലത്തുണ്ടായിരുന്നുപോല്‍
മങ്കിയെന്നുള്ളോരുപേരുള്ളവന്‍

അന്നൊരുനാളവന്‍ കാളകള്‍ രണ്ടെണ്ണം
വാങ്ങിമടങ്ങുകയായിരുന്നു
കാളകള്‍ രണ്ടിനേം പൂട്ടി നുകത്തിലായ്
ഓരോന്നങ്ങോര്‍ത്തോണ്ടവനിരുന്നു

കണ്ടേറെ സ്വപ്നങ്ങള്‍ കാളകള്‍ രണ്ടിനേം
കൊണ്ടുയര്‍ത്തീടുന്നസ്വപ്നസൌധം
കാളകള്‍ രണ്ടെണ്ണം, രണ്ടായിരമാകും
സമ്പത്സമൃദ്ധിയുമേറുമൊപ്പം

വാഴുമൊരുനാളുരാജസമാനായ്
കാണുമീനാടിന്നധിപനാനാകും
കണ്ടേറെസ്വപ്നങ്ങളീവിധമെങ്കിലും
കണ്ടില്ല കാലത്തിന്‍ കൈകളവന്‍

കാണുന്നസ്വപ്നങ്ങള്‍ തച്ചുടച്ചീടുമാ
കൈകളെന്നേതുമേയോര്‍ത്തതില്ല
കണ്ണുമറയ്ക്കുന്നകാലത്തിന്‍ കാലുഷ്യം
കഷ്ടമാപാവമറിഞ്ഞതില്ല

ഒട്ടകരൂപത്തില്‍ കാലനുറങ്ങുന്ന
വീഥിയിലൂടന്നവന്‍ സഞ്ചരിയ്ക്കെ
ചെന്നുടക്കീനുകമൊട്ടകപൂഞ്ഞയില്‍
നോവാലവനേറ്റങ്ങോട്ടമായി

കാലക്കേടെന്നല്ലാതെയെന്തുതാന്‍ ചൊല്ലേണ്ടൂ
തട്ടിതകര്‍ന്നുപോയ് സ്വപ്നസൌധം
അന്നവന്‍ കണ്ടാതാം സ്വപ്നങ്ങളൊക്കെയും
തൂങ്ങികിടപ്പൂ ജഡസമാനം

അന്നവനോര്‍ത്തു പോയ് സ്വപ്നമാം വാഴ്വിത്
ഒട്ടകമുണരുന്നകാലം വരെ
കണ്ടിരിയ്ക്കാം ഭീഷ്മര്‍ തന്നെയാമങ്കിയില്‍
ചൊന്നതുതന്‍ കഥതന്നെയാകാം ?

കണ്ണുനീരില്‍ കഥയെല്ലാമൊടുങ്ങുമ്പോള്‍
കാണുന്നു കണ്ണിലൊരേകസത്യം
താനില്ല താന്‍ കണ്ടസ്വപ്നങ്ങളുമില്ല
താനെന്നഹന്തതന്‍ തേങ്ങലില്ല

കാണുന്നു കണ്‍മുന്നില്‍ കാരുണ്യരൂപനായ്
കാരണപൂരുഷനാമൊരുവന്‍
കണ്ണുനീരിന്‍ മറ മായുമ്പൊഴേ കാണൂ
കാരുണ്യമായവന്‍ തന്റെയുള്ളില്‍

No comments:

Post a Comment