Wednesday, 3 July 2013

നാവിനോട്

നാവേ ഭയക്കുന്നു നിന്നെ ഞാനെന്തെന്നാല്‍
തെല്ലും വിവേകം നിന്നുള്ളിലില്ല

ഇല്ലൊട്ടുമൌചിത്യബോധം നിനക്കഹോ
എല്ലില്ല വാക്കിന്നുറപ്പുമില്ല

അപ്രിയമോതാന്‍ ഭയമേതുമില്ലൊട്ട-
ഹിതമുരയ്ക്കാന്‍ മടിയുമില്ല

തോന്നുന്നപോല്‍ തന്നെ നീ ചിലച്ചീടുകില്‍
ദുഃഖം ഭവിയ്ക്കുമെന്നോര്‍ത്തീടണം

ചൊല്ലുവാനൊന്നുമില്ലെന്നാകിലോ
തെല്ലിട മൌനം ഭജിയ്ക്ക നല്ലൂ

അന്നം ഭുജിയ്ക്കുന്നകാര്യത്തിലാകിലും
നിന്നിഷ്ടം തന്നെ നടക്കേണമോ

നിന്നിഷ്ടമോടെ ഭുജിയ്ക്കുന്നവര്‍ക്കുള്ളില്‍
വന്നുഭവിയ്ക്കുന്നകഷ്ടതകള്‍

ഓര്‍ത്താല്‍ നടുങ്ങും നീ ഭോജനം
ജീവനത്തിന്നെന്നതോര്‍ത്തു ഭുജിയ്ക്ക നല്ലൂ

No comments:

Post a Comment