Friday, 19 July 2013

കാരുണ്യരൂപന്‍

കണ്‍കളില്‍ കണ്ണീര്‍ നിറഞ്ഞൊരുനാളില്‍
ഞാനറിയാതെചോദിച്ചുപോയതത്രെ
എന്തിനെന്‍കണ്‍കളില്‍ കണ്ണീര്‍ നിറച്ചു നീ,
എന്തിനെന്‍ജീവനില്‍ ശോകംചൊരിഞ്ഞു നീ

മന്ദസ്മിതം തൂകിയോതിയെന്നോടവ-
"നത്രമേല്‍ സ്നേഹിപ്പതിനാലെയത്രെ
നിന്റെകണ്ണിലെ കണ്ണീരില്‍ കാണുക
നീയെന്നുമന്യന്റെ കണ്ണിലെ കണ്ണുനീരും"

"നോവിന്റെ കണ്ണീര്‍ തുടയ്ക്കുവാനാവണം
നിന്റെ കരങ്ങള്‍ക്കെന്നുമെന്നു"-
മെന്നതിനാലെയാം മല്‍സഖേ നിന്നില്‍
ഞാനിത്രയും ശോകമൊളിച്ചുവെച്ചു

കണ്ണുനീര്‍ മൂടുമീകണ്ണിലാട്ടെ, കണ്ണിന്റെ
കാഴ്ചയെത്താത്തേറ്റമുള്ളിലാട്ടെ
കാണുന്നു ഞാനിന്ന് കാലിടറാത്തൊരാ
കാണാപൊരുളിന്റെയേഴഴക്

കാത്തുരക്ഷിയ്ക്കുന്നു നമ്മെയെല്ലാരെയും
കാരുണ്യരൂപനാമവനൊരുവന്‍
കാണുക കണ്ണീരില്‍ പുഞ്ചിരിപ്പൂവിലും
കാരുണ്യമൂറുമവന്റെ കൈകള്‍

No comments:

Post a Comment