മായയാലെന്മിഴിമൂടിയിട്ടെന്മിഴി
മായകണ്ടെന്നുള്ളതുമെന്റെ തെറ്റോ?
മായയാലെന്നുള്ളില്‍ മോഹമുണര്‍ത്തീട്ടാ
മായയില്‍ മോഹിച്ചതെന്റെ തെറ്റോ?
മോഹങ്ങളൊക്കെയും തട്ടിതകര്‍ത്തപ്പോള്‍
പൊട്ടിക്കരഞ്ഞതുമെന്റെ തെറ്റോ?
കള്ളപകിടകളിച്ചൊരുകാലത്തിന്‍
കള്ളമറിയാഞ്ഞതുമെന്റെ തെറ്റോ?
കാണാന്‍ കൊതിച്ചൊരാനേരത്തു നീ ദൂരെ-
യോടിയൊളിച്ചതുമെന്റെ തെറ്റോ?
കാണതിരുളിലൊളിച്ചോരു നിന്നെ ഞാന്‍
കാണാതെ പോയതുമെന്റെ തെറ്റോ?
കണ്ണീരാലെന്‍ മിഴി മൂടിയപ്പോള്‍ നിന്നെ
കാണാതെ പോയതുമെന്റെ തെറ്റോ?
കാണുവാനെന്മിഴിയ്ക്കാകാതെ പോയതും
കണ്ണാ,യിതൊക്കെയുമെന്റെ തെറ്റോ?
കാണുന്നു നിന്മന്ദഹാസമെന്നാലും ഞാന്‍
കൂരിരുളില്‍ ചെറുവെട്ടമായി
കേള്‍ക്കുന്നതുണ്ടു ഞാന്‍ വേണുഗാനം മെല്ലെ
കാറ്റിലൂടെത്തുന്നസാന്ത്വനമായ്
No comments:
Post a Comment