Sunday, 2 November 2014

ഇന്ദ്രവംശ

ലക്ഷണം: കേളിന്ദ്രവംശാതതജങ്ങൾ രേഫവും

--0/--0/0-0/-0-

നീരെന്നുമേ തിങ്ങിടുമെന്റെ കണ്കളി-

പ്പാരില്‍ സദാ തേടുകയാണു നിന്‍ കൃപ

നേരം കളഞ്ഞീടുവതെന്തു വാണി! നീ

ചാരത്തണഞ്ഞെന്നെ തുണയ്ക്ക സന്തതം

കേളിക്കു ചൊല്ലീടുകയല്ല  നിത്യവും

കാളീ ഭവത് പ്രേരണ മാത്രമാണു മേ

നീളുന്നതാം ജീവിതവീഥിയില്‍ സദാ

കാളുന്ന നോവില്‍ തുണയായിടുന്നതും

ചേറൊത്തവാക്കൊന്നുരചെയ്കയെന്നതും

ചേരില്ല നാവി,ന്നതു നിര്‍ണ്ണയം സഖേ

ചേലുള്ളതാം വാക്കിനൊരിമ്പമില്ലയോ

ചേലൊത്തു ചൊല്ലീടുമതെന്നു വന്നിടില്‍

ദേവീ ഭവത്പാദരജസ്സിനാലെയെന്‍

പാവം മനസ്സിന്നൊരുശാന്തിയേകണേ

ആവുന്ന പോലൊക്കെ ഭജിച്ചിടാം സദാ

നീ വന്നു വാണീടുക മാനസേ ശിവേ

പാരം വലഞ്ഞീടുവതായ് വരുമ്പൊഴി-
ന്നാരേകിടും സാന്ത്വനമാകരങ്ങളെ
നേരിട്ടു വന്നെന്നെ തുണച്ചു സര്‍വ്വവും
പാരാതെ കാക്കും പൊരുളെന്നു കാണ്മു ഞാന്‍

നേരം കളഞ്ഞീടുവതെന്തിനായി ഞാന്‍

നാരായണായെന്നുജപിച്ചിടാം സദാ

തേരാളിയായെന്നകതാരിലെപ്പൊഴും

നേരായി നിന്നീടുക പാര്‍ത്ഥസാരഥേ

വീര്യത്തെ കാട്ടുന്നതിനായി കൊല്കയോ
വീരസ്യമീമട്ടിലുമോശമല്ലയോ
വീരന്നു ചേരുന്നതു പോരു താനെടോ
നേരിട്ടു നില്ക്കാന്‍ കഴിവൊന്നു കാട്ടു നീ

വയ്യല്ലൊ കാണാന്‍, കഴിവില്ല കണ്ണുകള്‍ -

ക്കയ്യോ, പൊഴിഞ്ഞെത്ര സുമങ്ങളിന്നലെ

ചെയ്യുന്നതെന്തീ,ശ്വര! മര്‍ത്ത്യനീവിധം

കൈയ്യും കണക്കറ്റപരാധമൊക്കെയും

എന്തിന്നു വേണ്ടി പിടയുന്നു ചിത്തമി-

ന്നെന്തിത്ര തേങ്ങിക്കരയുന്നു കണ്‍കളും

സ്വന്തം നിണം തിന്നുവതായ മര്‍ത്ത്യനി-

ന്നെന്തിന്നു നീ ജന്മവുമേകിഭൂവിതില്‍

വേരറ്റുവോ മര്‍ത്ത്യമനസ്സിലിന്നഹോ

നേരെന്നതും നന്മകളൊക്കെ മാഞ്ഞുവോ

പാരൊക്കെയും കാത്തരുളുന്നതാകുമാ

കാരുണ്യമേ ദുര്‍വിധിയെന്തിതേവമായ്

നേരാണു ഞാന്‍ കാണുവതൊക്കെയും ഭവത്-

കാരുണ്യമെന്നുള്ളതുമോര്‍ത്തിടായ്കയാല്‍

ഓരോന്നു ചിത്തേ നിരുപിച്ചഹോ വൃഥാ

നേരം കളഞ്ഞീടുകയാണു നിര്‍ണ്ണയം

ആരിങ്ങറിഞ്ഞീശ്വര! നിന്റെ ലീലകള്‍

നേരെന്തു ചൊല്ലീടുവതെന്റെ കണ്ണുകള്‍

ഓരോന്നു ചിന്തിച്ചമരുന്നവേളയില്‍

നീരെന്തിതേവം നിറയുന്നു കണ്‍കളില്‍

കൊല്ലാനൊരുങ്ങുന്നൊരുകൈയ്യിലായുധം

ചെല്ലാന്‍ വിധിക്കുന്നതിതെന്തിനീശ്വരാ

എല്ലാമൊടുക്കാനവതാരമായി നീ

വല്ലാത്ത രൂപത്തിലണഞ്ഞിടുന്നതോ

ശേഷിപ്പതെന്താണൊ,രുനാളുലോകവും
ശേഷിച്ചിടായെന്നു വരുന്ന നേരവും ?
സാക്ഷാത് പരബ്രഹ്മ,മതൊന്നു തന്നെയീ
ശേഷന്റെ മേല്‍ നിത്യമമര്‍ന്നിടും പൊരുള്‍

വൃന്ദാവനത്തില്‍ കളിയാടുമാപദം
സന്തോഷമുണ്ടായി വരാന്‍ മനസ്സിലും
എന്‍ ദോഷമെല്ലാം കളയുന്ന പുണ്യമായ്
വന്നെന്നെ കാത്തീടുക നിത്യവും ഹരേ

മോഹിച്ചു പോയെന്നതു ദോഷമാകുമോ
മോഹിച്ചിടാതാരിഹ വാണതുണ്ടെടോ
മോക്ഷത്തിനായുള്ളൊരുമാര്‍ ഗ്ഗമാകിലും
മോഹത്തിനാല്‍ തന്നെ വരുന്നതല്ലയോ

No comments:

Post a Comment