-00/0-0/00-/000/0-
ശങ്കരപദാബുജമതെന്റെമനമാകും
പങ്കജമതിങ്കലണയേണമതിലെന്നും
ശങ്കയൊരുപാടു നിറയുന്നതു കളഞ്ഞാ
ശങ്കരപദേ തരിക ഭക്തി ശിവശംഭോ
ചിന്തകളുയര്‍ന്നുവരുമെന്റെയകതാരില്‍
സന്തതമെരിഞ്ഞമരുമുണ്മയറിയാനായ്
ചിന്തകളുദിക്കുമിടമൊന്നു തിരയുമ്പോള്‍
സുന്ദരസുഖാനുഭവമായറിവതോ ഞാന്‍ ?
ചിന്തകളുമെന്മനസി നോവുപകരുമ്പോള്‍
നന്ദസുത! വന്നണയുകെന്നുമകതാരില്‍
അന്തിയണയുന്നളവുതിങ്ങുമിരുള്‍ മാറാ-
നെന്നുമൊളിയായമരുകെന്നുലകിലാകേ
എന്മനസി മിന്നുമൊളിയായമരുമങ്ങെന്‍
തിന്മകളകറ്റി ഹൃദി നന്മ പകരാനായ്
ജന്മമിതു നിന്റെ കൃപയായറിയുവാനായ്
തന്നിടുക നീ വരമെനിക്കു ജഗദംബേ
അന്നമയമാമുടലു,മുള്ളിലതിഗൂഢം
നന്മയുടെ പൂര്‍ണ്ണവുമടങ്ങു,മതുമെല്ലാം
ചിന്മയ! തവാഘ്രികമലത്തിലൊരുനാളില്‍
വന്നിടുവതിന്നു തുണയേകിടു ഗണേശാ
എന്തു ഗുണമാര്‍ക്കു വരുവാനിതു കണക്കില്‍
ഹന്ത! കൊല ചെയ്യുവതു, മെന്തൊരു ദുരന്തം
നിന്‍ കഴിവു കാട്ടുവതു കൊല്ലുവതിനല്ലാ
നന്മയുടെ വിത്തിവിടെ പാകുവതിനാട്ടെ
ഒന്നുമറിയാതമരുമാശിശുഗണത്തി-
ന്നന്ത്യമിതു മട്ടു വരുമെങ്കിലതു നന്നോ
നന്മയൊരുതെല്ലുമകതാരിലണയായ്കില്‍
തന്നിടുവതോ കരുണ ദൈവമിതറിഞ്ഞും
No comments:
Post a Comment