Saturday, 1 November 2014

വസന്തമാലിക

ലക്ഷണം വിഷമേ സസജം ഗഗം സമത്തില്‍
സഭരേഭം യ വസന്തമാലികയ്ക്ക്

00-/00-/0-0/--
00-/-00/-0-/0--


ഒരുകാടിതു ഘോരമാം മൃഗങ്ങള്‍ -

മരുവുന്നൂ, ഭയമേറിടുന്നു ചിത്തേ

വരണേ വഴികാട്ടിയായി നീയെ-

ന്നരികേ കൃഷ്ണ! തുണച്ചിടേണമെന്നും

ഗുരുവായകമാനസത്തിലെന്നും
മരുവീടും പൊരുളല്ലയോ വിഭോ നീ
വിരിയും മലരിന്റെ തേനുമീശന്‍
കരുണാര്‍ദ്രം പകരുന്നതെന്നു കാണ്മൂ

ഗുരുവേ കരുണാബലം തരാനാ-

യരുതേ സംശയമേതുമേ കൃപാലോ

ദുരിതം നിറയുന്നതായവാഴ്വില്‍

ശരണം നിന്‍ പദയുഗ്മമൊന്നു മാത്രം

ഭുവനം വിഷനാഗമായി ചിത്തേ
യിവനേകും പല നോവുമെന്നു വന്നാല്‍
തവ നാമവുമോതി വാഴുമെന്നേ-
യിവിടെന്നും കൃപയോടെ കാത്തിടേണേ

അരുളായകമേ തെളിഞ്ഞിടുന്നാ

പൊരുളായ് ശക്തിയൊടൊത്തു ജീവനായും

മരുവുന്നൊരുസത്യമൊന്നതെന്നാ-

യറിവേകാന്‍ ഗുരുവാക കാശിനാഥാ

മഴവില്ലു വരച്ചതാരുമാട്ടേ
മിഴികള്‍ കാണ്മതു പാഴ് കിനാവുമാട്ടേ
മിഴിനീരൊഴുകുന്ന നോവു വേണ്ടി-

ന്നഴലേകുന്നിവയൊന്നുമിന്നുവേണ്ടാ
ഗിരികന്യയൊടൊപ്പമെന്റെ ചിത്തേ

വരണേ നീ ശിവ! ഭക്തി നല്കു ശംഭോ

തരണേ തവ രൂപമെന്റെയുള്ളില്‍

കരുണാര്‍ദ്രം തെളിയാന്‍ വരം മഹേശാ


പലതായിഹ കാണ്മതൊക്കെയോര്‍ത്താല്‍
പലതല്ലൊന്നി,തുചൊല്ലിടുന്നു വേദം
കലഹം വെറുതേ വരുത്തി വെച്ചൂ
പലരും സത്യമറിഞ്ഞതില്ല കഷ്ടം




മിഴിയെന്തറിവൂ മനസ്സു,മെന്തേ

മിഴിനീരിങ്ങൊഴുകീടുവായ് വരുന്നൂ ?

ഒഴുകും പുഴയെന്തറിഞ്ഞിടുന്നൂ

മഴമേഘം പറയാത്ത നൊമ്പരങ്ങള്‍

No comments:

Post a Comment