Friday, 7 November 2014

ഉപേന്ദ്രവജ്ര

ലക്ഷണം: ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം

0-0/--0/0-0/--
പടക്കളത്തില്‍ പൊലിയുന്ന ജീവന്‍

പിടഞ്ഞു വീഴുമ്പൊഴുമോതിടുന്നൂ

വെടിഞ്ഞിടാം ജീവനിതെങ്കിലും നീ

വെടിഞ്ഞിടൊല്ലാ തവ ദേശഭക്തി

കനിഞ്ഞു ദൈവം ചില സിദ്ധി തന്നാ-
ലെറിഞ്ഞുടയ്ക്കുന്നതു നന്നു താനോ ?
അറിഞ്ഞീടൂ സിദ്ധികളില്‍ ഭ്രമിച്ചാല്‍
പൊലിഞ്ഞു പോം നന്മകളൊക്കെ വാഴ്വില്‍

വരം കൊടുക്കുന്നൊരു കൈയ്യിനാകും
തിരിച്ചെടുക്കാനുമിതോര്‍ത്തുകൊള്‍ക
വരപ്രസാദം മദമേറ്റിടൊല്ലാ
വരം തരുന്നാചരണം സ്മരിക്കൂ

അറിഞ്ഞവന്‍ നല്കുവതാം വരത്താ-
ലൊരുത്തനും നോവു പകര്‍ന്നിടൊല്ലാ
വരങ്ങളെല്ലാമപരന്റെ ദുഃഖം
കുറയ്ക്കുവാന്‍ മാത്രമെടുക്കണം നാം

നിനച്ചിടും പോലെ വരുന്നതല്ലാ

മനുഷ്യനീവാഴ്വിലെ സൌഖ്യമെന്നാല്‍

തനിക്കു കൈ വന്നതു നല്ലതെന്നേ

നിനയ്ക്ക ദുഃഖം കുറയാന്‍ സുഹൃത്തേ

 

തെളിഞ്ഞിടുന്നുള്ളിലെ വെട്ടമെന്നാല്‍

തെളിച്ചതാ,രെന്‍ ഗുരു തന്നെയല്ലേ ?

വെളിച്ചമേകാനകതാരിലെത്തീ-

ട്ടൊളിച്ചതെന്തേ ഗുരുദേവ! ചൊല്ലൂ

നിനച്ചിടും നന്മയൊരുത്തനെന്നാല്‍
ശനീശ്വരാ നോവിലെരിച്ചിടൊല്ലേ
മനസ്സിലായീശ്വരചിന്തയേകി-
ട്ടെനിക്കു നീ ഭക്തി തരൂ കൃപാലോ

കരഞ്ഞതേയല്ല. മിഴിനീരു കണ്ണില്‍
നിറഞ്ഞു പോയ് ഞാനറിയാതെ തന്നെ
ഒരിറ്റു കണ്ണീരു പൊഴിച്ചിടാതി-
ന്നൊരുത്തനും കാണുകയില്ല വാഴ്വില്‍

ജനിച്ച നാള്‍ തൊട്ടൊരു മാത്ര പോലും
നിനച്ചതില്ലാ തവ നാമമെന്നാല്‍
തനിച്ചു വിട്ടീടരുതേ കൃപാലോ
കനിഞ്ഞു നീ വന്നു തുണയ്ക്ക ശംഭോ

വിരിഞ്ഞു നില്ക്കുന്നൊരു പൂവിനുള്ളില്‍
നിറഞ്ഞിടും തേന്‍ കണ മെന്നപോലെ
വിരിഞ്ഞൊരെന്മാനസപുഷ്പമാകേ
നിറയ്ക്കണേ ഭക്തിയുമിന്നു സ്കന്ദാ

ജപിച്ചിടാന്‍ നിന്‍ തിരുനാമമെന്നും
നിനച്ചിടാനായ് തവ രൂപമേവം
കഥിച്ചിടാന്‍ നിന്നപദാനമെന്നായ്
ഭവിച്ചിടാന്‍ നീ തരു ഭക്തിയമ്മേ

No comments:

Post a Comment