Sunday, 2 November 2014

രഥോദ്ധത

ലക്ഷണം: രം നരം ല ഗുരുവും രഥോദ്ധത
-0-/000/-0-/0-

ഏറിടുന്ന മദമായി ദാരിക-
നേറെ നോവു പകരുന്നു കാളി നീ
നേരമൊട്ടു കളയാതെ വന്നതിന്‍
വേരറുത്തു കൃപ കാട്ടിടേണമേ

തേടിടുന്നു തവ പാദപങ്കജം

പാടിടുന്നതപദാനവും സദാ

പേടിയല്ല, ഹൃദി മോദമേകുവാ-

നോടിയെത്തിടുക നാന്മുഖപ്രിയേ

 

വാടിടും മലരു പോലെ ചിത്തവും

വാടിടുന്ന സമയത്തു നിന്‍ കൃപ

കൂടെ വേണമൊരുപാടു നോവുത-

ന്നീടുമീയവനിവാഴ്വു നീറ്റവേ

നോവുനല്കുമകതാരിനെന്നുമേ

മോഹമെന്നറിയുമെങ്കിലും  സദാ

മോഹമേറി വരുമെന്റെ മാനസം

മത്തനായ് മരുവിടുന്ന മര്‍ക്കടന്‍

അമ്പിനാലെ മുറിവേറ്റതാവുകില്‍

അന്പിനാലതിലെ നോവു മാറ്റിടാം

അന്പു നോവു പകരുന്നതാവുകില്‍

തുമ്പമെന്നതിഹ മാറിടുന്നതോ ?

ഇമ്പമോടെ പറയുന്ന വാക്കുകള്‍ -

ക്കിമ്പമേകുവതുമാരുമാട്ടെ ഞാന്‍

അന്‍പുതന്നെയതുമെന്നു കണ്ടുടന്‍

തുമ്പമറ്റുവരുവാന്‍ നമിക്കയാം

* എന്മനം ചപലമാണു നിശ്ചയം

വമ്പു ഞാന്‍ പലതുമോതുമെങ്കിലും

നന്മയെന്മനസി തന്നിടാന്‍ ഭവാന്‍

താമസിക്കരുതു, പോരുകിപ്പൊഴേ

* ഒരു സമസ്യാപൂരണം

* തിങ്കളുണ്ടൊഴുകുമാറുമാശിര-
സ്സിങ്കലായുടലിലായി ഭസ്മവും
ശങ്കരിക്കു പ്രിയനായമർന്നിടും
ശങ്കരാഭരണസത്തു വിസ്മയം

* ഒരു സമസ്യാപൂരണം

ഭ്രാന്തമായ മമ ചിന്ത മാറ്റിടും
ശാന്തി തേടിയലയുന്നതായൊരെ-
ന്നന്തരം ഗമതിലായണഞ്ഞിടാന്‍
സുന്ദരേശ കൃപ കാട്ടുകെന്നുമേ

കാര്യകാരണവിചാരമൊക്കെയും
നേരു തന്നെയറിവില്ലെനിക്കു നീ
ചാരെ വന്നിടുകയെന്മനസ്സിനാ
നേരു കാട്ടി വഴി കാട്ടു കാളി നീ

പങ്കമുണ്ടകമെയെന്നു കാണ്കിലും
ശങ്കയെന്തിനതുമെന്റെയല്ല പോല്‍
പങ്കമറ്റ മമ ജീവനെന്നതാം
പങ്കജത്തിലണയൂ കൃപാനിധേ

ശങ്ക വേണ്ട ഭഗവാനെ നിന്‍ പദ-
പങ്കജത്തിലണയാന്‍ കൊതിക്കുമെന്‍

പങ്കമുള്ള മമ മാനസത്തിലെ
പങ്കജത്തെയുമെടുത്തു കൊള്‍ക നീ

No comments:

Post a Comment