ലക്ഷണം: ചതുര്യതിര്‍ ഹൃതിരുചിരാ ജഭസ് ജഗം
നാലില്‍ യതിയോടെ ജഭസജഗങ്ങള്‍ വന്നാല്‍ അതിരുചിരാ
0-0/-(യതി)00/00-/0-0/-
ഗമിച്ചു നീ കടലുകടന്നു ലങ്കയും
തനിച്ചു തീച്ചുടല കണക്കെരിച്ചതും
നിനച്ചു ഞാന്‍ മരുവുകയാണു നിത്യവും
ജപിച്ചിടാം ഹൃദി രഘുരാമനാമവും
ജനിച്ച നാള്‍ മുതലിഹ ചെയ്ത കര്‍മ്മവും
മനസ്സിലായ് തെളിയുവതായതൊക്കെയും
നിനയ്ക്കണേ തവപദപൂജയായ്, സദാ
കനിഞ്ഞു നീ ഹൃദി തെളിയേണമംബികേ
നിനച്ചിടാം മഹിമകളും സരസ്വതീ
ജപിച്ചിടാം തവ തിരുനാമവും സദാ
സ്മരിച്ചിടാം കരുണയെഴുന്നരൂപവും
നമിച്ചിടാമിനി ചരണാം ബുജങ്ങളെ
പറഞ്ഞിടാന്‍ വളരെയെളുപ്പമേവ,മൊ-
ന്നറിഞ്ഞു നാമമരുവതത്രെ ദുര്‍ഘടം
നിറഞ്ഞിടും മിഴികളറിഞ്ഞതില്ലയി-
പ്പറഞ്ഞതാം പലവിധതത്വചിന്തയും
വിരിഞ്ഞതാം മലരുകൊഴിഞ്ഞുപോയിടും
വരുന്നതാം മണമിതു മാറിടും ദൃഢം
കരിഞ്ഞു പോം മലരിതു ചൊല്വതെന്തു താ-
നറിഞ്ഞുവോ "സുഖമിഹ നിത്യമല്ലെടോ"
മനുഷ്യനായ് ഭുവിയൊരുജന്മമീദൃശം
നിനയ്ക്കണം സുകൃതഫലം മഹത്തരം
സുനിശ്ചിതം മരണമതേ വരേയ്ക്കു നാം
മനസ്സിലായ് കരുണ നിറച്ചു വാഴണം
മറഞ്ഞു പോയ് ദിനകരനാഴി തന്നിലായ്
നിറഞ്ഞു പോലിരുളിതുമട്ടു കാണ്കിലോ
തെളിഞ്ഞിടൂ മമ മനമെന്നവാനിലായ്
ചൊരിഞ്ഞിടൂ കുളിരലയായി നിന്‍ കൃപ
അണഞ്ഞിടൂ ഹൃദി തവ ഗേഹമാമിതില്‍
തെളിഞ്ഞിടൂ പദയുഗളം സ്മരിപ്പു ഞാന്‍
ചൊരിഞ്ഞിടൂ കരുണ,യെനിക്കു മുക്തി വ-
ന്നണഞ്ഞിടാന്‍ വരബലമേകു നീ ശിവേ
No comments:
Post a Comment