Wednesday, 10 April 2013

മായാജാലം

എല്ലാം മായം ഇവിടെ കാണ്മതി-
ലെല്ലാത്തിന്നുമുണ്ടാം മായം
ഓണപൂക്കളും കൊന്നപ്പൂവും
കണ്ണില്‍ കാണ്മതിലെല്ലാം മായം

ചുണ്ടില്‍ തെളിയും പുഞ്ചിരി മായം
കണ്ണുകള്‍ തൂവും കണ്ണീര്‍ മായം
നാവുരചെയ്യും വാക്കും മായം
ഞാനെന്നുള്ളൊരു ഭള്ളും മായം

കണ്ണും മൂടി തന്നെയിരിക്കിലോ
തന്നില്‍ കാണും പൊരുളോര്‍ത്തീടില്‍
തന്നിലെ താനായമരുന്നവനവന്‍
ജീവിതനൌകതന്നമരക്കാരന്‍

ജ്ഞാനജ്യോതിത്തെളിയായെന്നും
തന്നില്‍ തന്നെയുമെന്നുമിരിപ്പവന്‍
തന്നെമറച്ചഥ തന്നിലിരുന്നുടന്‍
തന്നെയും മായയിലാക്കി രസിപ്പവന്‍

അവനേയൊരുവന്‍ സത്യസ്വരൂപന്‍
അവനേകന്‍ താന്‍ സാക്ഷിസ്വരൂപന്‍
അവനല്ലാതീയവനിയിലറിവതി
ലഖിലവും അവനുടെ മായാജാലം

No comments:

Post a Comment