Monday, 8 April 2013

കവിതയല്ല

കവിതയെന്നോതുവാനാകയില്ലെന്‍ സഖേ

കവിതായായൊഴുകും കവിത്വവുമില്ല മേ

ചൊല്ലാനറിയാതെ ചൊല്ലുന്നെന്തൊക്കെയോ

ചൊല്ലാതിരിക്കുവാനാകാതെന്‍ നെഞ്ചകം


വൃത്തത്തിലെന്തോ കുറിക്കാനൊരുമ്പെട്ടേതോ

വിഷമവൃത്തത്തിലിന്നും ചുറ്റുന്നതുമാകാം

മോഹിക്കാന്‍ മാത്രം പഠിച്ചെന്‍ മനസ്സേറെ

മോഹഭംഗത്താല്‍ പിടയ്ക്കുന്നതുമാകാം


ഹ്രിത് സ്പന്ദനത്തിന്റെ താളം പിഴയ്ക്കുമ്പോള്‍

താനേ വിതുമ്പുന്ന തേങ്ങലാകാമിതില്‍

ഇടറുന്ന കണ്ഠത്തിലുയരുന്ന ഗദ്ഗദം

ഈണമില്ലാതെന്തോ ചൊല്വതുമായിടാം

No comments:

Post a Comment