Wednesday, 24 April 2013

ദൈവത്തോട്

ശക്തിമാനാകുന്ന സിംഹത്താനേമേറ്റം  
പാവമായീടുന്ന മാന്‍പേടയേം  
പടച്ചതു നീയിങ്ങയച്ചതു നീ, യൊത്തു
ജീവിച്ചീടാനായ് വിധിച്ചതും നീയല്ലോ

കാട്ടിലെരാജനാം സിംഹത്താനൊപ്പം  
കാടിന്റെ പൈതലാം മാന്‍പേടയും 
ഒത്തൊരുമിച്ചൊരുകാട്ടിലാമോദമായ്
വാഴുവാനാകാത്തതെന്റെ തമ്പുരാനേ

ജീവനുണ്ടാപത്തെന്നോര്‍ത്തുഭീതിയില്‍ 
കാലം കഴിയ്ക്കുന്നു മാന്‍പേടകള്‍ 
പാവമാമാനിനെകൊന്നപാപത്തിന്റെ
നോവിലെരിയുന്നു സിംഹത്താനും  

ചീറ്റും വിഷം പാമ്പും ഭീതിയാലല്ലയോ
തേളുകുത്തുന്നാത്മരക്ഷയ്ക്കുമല്ലയോ
ജീവനേദേഹത്തിലൊട്ടിച്ചുവെച്ചു നീ
തീരാത്തമോഹങ്ങളുള്ളില്‍ നിറച്ചു നീ

തീയാലെരിയുന്ന ദേഹത്തെപോലുമീ
ഞാനെന്നഹന്തതന്‍രൂപമായ് തീര്‍ത്തു നീ
എന്നിലെയെന്നെയും മിഥ്യാഭിമാനത്തിന്‍ 
മായാത്തമായയാലെന്നും മറച്ചു നീ

എന്തിനായീവിധം തീര്‍ത്തതീ ഭൂമിയെ
തമ്മിലടിച്ചെല്ലാം തകരുവാനോ
ഒത്തുചേര്‍ന്നെല്ലാരുമാമോദം വാഴ്വത്
കാണ്മതിനാശിപ്പു ഞാനെന്റെ തമ്പുരാനേ

No comments:

Post a Comment