Wednesday, 24 April 2013

സത്യദര്‍ശനം

സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ
ആഴിപരപ്പിന്നാഴത്തിലും തേടിയാ
കാശശൂന്യതക്കക്കരെയും പോയി

അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും
കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും

കണ്ണുമടച്ചുഞാനുള്ളില്‍ തിരഞ്ഞപ്പോള്‍
കാണുന്നുവെന്നിലവ്യക്തമായി
ആനന്ദരൂപമായറിവിന്‍ പ്രകാശമായ്
ആത്മസ്വരൂപമായമരുന്നവന്‍

കണ്ണാലെ ലോകത്തെ കണ്ടിട്ടുമെന്തു ഞാ
നിന്നുമാകാണുന്ന കണ്ണിനെ കാണ്മതില്ല
എന്നിലും നിന്നിലും പൂവിലും പുല്ലിലും
മേവുമാസത്യത്തെയോര്‍പ്പതില്ല

No comments:

Post a Comment